
കൊച്ചി: ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ഭരണാധികാരിയായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവെന്ന് മുന്‍ മന്ത്രി കെ. ബാബു പറഞ്ഞു. സമാധാന ദൗത്യങ്ങളിലടക്കം രാജ്യങ്ങളെ ഏകോപിപ്പിക്കുന്നതില്‍ നെഹ്റു മുന്‍നിരയില്‍ നിന്ന നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്റു രാജ്യത്തിന്റെ പുരോഗതിക്ക് ശക്തമായ അടിത്തറ പാകിയ നേതാവാണെന്നും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന വക്താവായിരുന്നുവെന്നും കെ. ബാബു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ന് രാജ്യത്തിന്റെ പാരമ്പര്യവും സ്വതന്ത്ര വിദേശനയവും വിദേശ ശക്തികള്‍ക്കു മുന്നില്‍ അടിയറവ് വെക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ. ബാബു ആരോപിച്ചു. രാജ്യം ഗുരുതര പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. നരേന്ദ്രമോദി ഭരണത്തില്‍ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാണെന്നും തുടര്‍ച്ചയായ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം വിലവര്‍ധനവിലൂടെ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ മറന്നുള്ള ഭരണം ജനങ്ങള്‍ തന്നെ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 62-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ഡിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. ബാബു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എംഎല്‍എ, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, എം എ ചന്ദ്രശേഖരന്‍, ശ്രീനിവാസന്‍ കൃഷ്ണന്‍, ജോസഫ് ആന്റണി, പോളച്ചന്‍ മണിയങ്കോട്, സേവ്യര്‍ തായങ്കേരി, സിന്റ ജേക്കബ്, ആര്‍ ചെല്ലമ്മ ടീച്ചര്‍, വി കെ ശശികുമാര്‍, എംപി മഹേഷ്‌കുമാര്‍, ഹെന്‍ട്രി ഓസ്റ്റിന്‍, നൗഷാദ് പല്ലച്ചി, വിജു ചൂളക്കന്‍, കെ വി ആന്റണി എന്നിവര്‍ സംസാരിച്ചു.
Photo Courtesy - Google









